മല്ലപ്പള്ളി: പത്തുമാസത്തെ ഇഹലോക ജീവിതം പൂര്‍ത്തിയാക്കി നാലുപേരെ പുതുജീവിതത്തിലേക്കു നയിച്ച ദൗത്യം പൂര്‍ത്തിയാക്കി കുഞ്ഞ് ആലിന്‍ നാളെ പറന്നുയരും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവെന്ന ബഹുമതിയോടെ ആലിന്‍ ഷെറിന്‍ ഏബ്രഹാമിന്‍റെ ഭൗതികശരീരം നാളെ രാവിലെ വീട്ടില്‍ കൊണ്ടുവരും.
വൈകുന്നേരം അഞ്ചോടെ നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സിഎസ്‌ഐ പള്ളിയിലെ കല്ലറ ഏറ്റുവാങ്ങും. അതീവ ദുഃഖത്തിനിടയിലും സ്വന്തം മകളുടെ അവയവങ്ങള്‍ നാല് കുഞ്ഞു്ങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്നല്ലോയെന്ന ആശ്വാസത്തിലാണ് അരുണ്‍ ഏബ്രഹാമും ഷെറിനും.
മുന്‍ മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ മല്ലപ്പള്ളി വെസ്റ്റ് കോഴഞ്ചേരി മലയാറ്റൂര്‍ വാലുമണ്ണില്‍ റെജി ശാമുവേലിന്‍റെ മകനാണ് അരുണ്‍ ഏബ്രഹാം. മല്ലപ്പള്ളി ഈസ്റ്റ് പുളിഞ്ചിമൂട്ടില്‍ കുടുംബാംഗമാണ് അധ്യാപിക കൂടിയായ ഷെറിന്‍ ആന്‍ ജോണ്‍. ഇവരുടെ ഏകമകളായിരുന്നു ആലിന്‍ ഷെറിന്‍ എബ്രഹാം
നന്ദിയറിയിച്ചു മന്ത്രി
അതീവ ദുഃഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിനെ മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. ആ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ചിന് എംസി റോഡില്‍ പള്ളം ബോര്‍മ ജംഗ്ഷനു സമീപത്തു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആലിനു ഗുരുതരമായി പരിക്കേറ്റത്. പത്തുമാസം പ്രായമുള്ള ആലിനൊപ്പം അമ്മ ഷെറിനും അമ്മയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. കോട്ടയം സ്വദേശികളുടെ കാറുമായാണ് ഇവരുടെ കാര്‍ കൂട്ടിയിടിച്ചത് ഷെറിന്‍റെ മാതാപിതാക്കളായ രാജനും ജെസിയും ഇപ്പോഴും പരിക്കുകളോടെ ചികിത്സയിലാണ്.
ചരിത്രനിമിഷം
അപകടം നടന്ന ഉടന്‍തന്നെ കുഞ്ഞിനെ ചങ്ങനാശേരിയിലെയും തിരുവല്ലയിലെയും ആശുപത്രികളിലേക്കും പിന്നീട് കഴിഞ്ഞ ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഇന്നലെ കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. ഇതാകട്ടെ കേരളത്തിലെ ആരോഗ്യ ചരിത്രത്തിലെ ഒരു ചരിത്ര നിമിഷവുമായി.
കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്കാണ് നല്കിയത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങള്‍ അമൃത ആശുപത്രിയിലേക്കും രാത്രിയില്‍തന്നെ എത്തിച്ചു. ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കുന്നത്. അതി സങ്കീര്‍ണമായ ശസ്ത്രകിയയാണിത്. സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരള്‍ സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്.